NRI
ഡാളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാൻ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒരുങ്ങുന്നു. "സസ്നേഹം വാലന്റെെൻ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ സംഗീത വിരുന്ന് വാലന്റെെൻസ് ദിനമായ ശനിയാഴ്ച നടക്കും.
സംഗീതത്തെ സ്നേഹിക്കുന്നവർക്കായി പ്രത്യേകം ഒരുക്കിയിരിക്കുന്ന ഈ പരിപാടിയിൽ ഗായകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ പങ്കുചേരാവുന്നതാണ്. തത്സമയ വാദ്യസംഗീതവും പ്രശസ്തമായ ഗാനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് അവിസ്മരണീയമായ ഒരു അനുഭവമാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്.
ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി എട്ട് വരെ കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിലാണ് (2707 Dove Creek Lane, Carrollton, TX 75006) പരിപാടി നടക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
ഈ സംഗീത സായാഹ്നത്തിന്റെ ആർട്ട് ഡയറക്ടറായി പ്രവർത്തിക്കുന്നത് ജിജി പി. സ്കറിയയാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 469 494 1035 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡാളസിലെ എല്ലാ മലയാളി സംഗീത പ്രേമികളെയും ഈ പ്രണയനിമിഷങ്ങൾ പങ്കിടുവാൻ ക്ഷണിക്കുന്നതായി കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ തുടക്കം.
സുവർണ ജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ വർഷത്തെ ആഘോഷങ്ങൾ കായിക ഇതിഹാസങ്ങളായ ഷൈനി വിത്സണും വിത്സൺ ചെറിയാനും ചേർന്ന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ, ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള 2026-2027 വർഷത്തെ പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേറ്റു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ് - പുതുവത്സര പരിപാടികൾക്കും ശനിയാഴ്ച തുടക്കമാകും. ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ് മുതൽ 8.30 വരെ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
ചടങ്ങിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേൽക്കും. ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സണും വിത്സൺ ചെറിയാനുമാണ് പരിപാടികളിലെ മുഖ്യാതിഥികൾ.
ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സൺ, മുൻ അന്താരാഷ്ട്ര നീന്തൽ താരവും അർജുന അവാർഡ് ജേതാവുമായ വിത്സൺ ചെറിയാനും പങ്കെടുക്കുന്നത് സുവർണ ജൂബിലി വർഷത്തിന് ഏറെ മാറ്റുകൂട്ടുമെന്നു പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തിന് പുറമെ ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, ട്രഷറർ ദീപക് നായർ എന്നിവരുടെ നേതൃത്വത്തിൽ ഡാളസിലെ കലാപ്രതിഭകൾ അണിനിരക്കുന്ന കലാപ്രകടനങ്ങൾ, നൃത്തപരിപാടികൾ, കരോൾ ഗീതങ്ങൾ, ഗാനാലാപനം, ഫാഷൻ ഷോ തുടങ്ങി വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കും.
1976-ൽ പ്രവർത്തനമാരംഭിച്ച കേരള അസോസിയേഷൻ ഓഫ് ഡാളസ്, അരനൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ഈ സുവർണ ജൂബിലി വർഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണെന്ന് സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.
കൂടുതൽ വിവരങ്ങൾ കേരളം അസോസിയേഷൻ ഓഫീസുമായോ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.
NRI
ഡാളസ്: ഡാളസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻനിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026 - 2027 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
1976ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് 50 വർഷം പിന്നീടുമ്പോൾ, 1500ൽ പരം അംഗങ്ങൾ ഉണ്ട്. തെരഞ്ഞെടുപ്പില് മത്സരത്തിനായി പലരും നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചെങ്കിലും ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും കേരള അസോസിയേഷന്റെയും പൊതു മീറ്റിംഗിലൂടെ തെരഞ്ഞെടുപ്പ് ഒഴിവാക്കി കൊണ്ടു പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്.
ഷിജു എബ്രഹാം പ്രസിഡന്റായും മഞ്ജിത്ത് കൈനിക്കര സെക്രട്ടറിയായും സിജു കൈനിക്കര ട്രഷറെറായും രൂപീകരിച്ച ഭാരവാഹികളെ കൂടാതെ 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ജനുവരിയിൽ ആഘോഷിക്കുന്ന ക്രിസ്മസ് പുതുവത്സര പരിപാടിയിൽ പുതിയ ഭാരവാഹികൾ ചുമതലയേൽക്കും.
പ്രസ്തുത പരിപാടിയിൽ സുവർണ ജൂബിലി ആഘോഷ ഉദ്ഘാടനവും നടത്തുമെന്ന് നിലവിലെ ഭാരവാഹികൾ അറിയിച്ചു.
NRI
ഡാളസ്: 50 വർഷം പിന്നീടുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ മുന്നണി പോരാളിയും സമാനതയില്ലാത്ത സംഘാടകനുമായ ഐ. വർഗീസിനു മീറ്റ് ആൻഡ് ഗ്രീറ്റ് സംഘടിപ്പിച്ചു. ഞായറാഴ്ച വൈകുന്നേരം 5.30ന് ഐസിഇസി ഹാളിലാണ് പരിപാടി നടന്നത്.
ഐ. വർഗീസിന്റെ പുരോഗമന ചിന്താഗതിയും ജനാധിപത്യ നേതൃത്വവും അദ്ദേഹത്തെ സകലരുടെയും സ്നേഹാദരങ്ങൾക്ക് പാത്രമായി തീർത്തു. അമേരിക്കയിലെ കല സാംസ്കാരിക സമന്വയത്തിന്റെയും സാമൂഹിക ലയനത്തിന്റെയും വിസ്മയകരമായ സംഘടയായി കേരള അസോസിയേഷൻ ഓഫ് ഡാളസിനെ അദ്ദേഹം മാറ്റിയെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
NRI
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ(കെഎഡി) സജീവ അംഗവും സംഗീതജ്ഞനുമായ വിൻസെന്റ് വലിയവീട്ടിലിന്റെ (70) നിര്യാണത്തിൽ കെഎഡി അനുശോചിച്ചു.
വിൻസെന്റിന്റെ വിയോഗം ഡാളസിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. കെഎഡിയുടെ സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
അമേരിക്കയിലെങ്ങുമുള്ള മലയാളി സാംസ്കാരിക വേദികളിൽ വിൻസെന്റ് നിറസാന്നിധ്യമായിരുന്നു. അദ്ദേഹത്തിന്റെ ഓർമകൾ അമേരിക്കൻ മലയാളികളുടെ സാംസ്കാരിക യാത്രയ്ക്ക് ഒരു മുതൽക്കൂട്ടായി എന്നും നിലനിൽക്കുമെന്ന് കെഎഡി ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ കുറിച്ചു.
ദുഃഖിതരായ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും കെഎഡി ഡയറക്ടർ ബോർഡും അംഗങ്ങളും അഗാധമായ അനുശോചനം അറിയിച്ചു.
NRI
മെസ്ക്വിറ്റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇൻഡോർ സോക്കർ ടൂർണമെന്റ് ഇന്ന് ആരംഭിക്കും. മെസ്ക്വിറ്റിലെ ഇൻഡോർ സോക്കർ വേൾഡിലാണ് ടൂർണമെന്റ് നടക്കുന്നത്.
രാവിലെ എട്ടിന് ആരംഭിച്ച് രാത്രി ഏഴ് വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഏഴ് ടീമുകളാണ് പങ്കെടുക്കുന്നത്.
എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.